ഗോരഖ്പൂര്‍ കൂട്ടശിശു മരണം:  ഡോ. കഫീൽ ഖാൻ അറസ്റ്റിൽ

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കൽ കോളജിൽ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട്  ഡോ. കഫീൽ ഖാൻ അറസ്റ്റിൽ. വസതിയിൽനിന്നാണ് ഡോക്ടറെ ഉത്തര്‍ പ്രദേശ് പോലീസിന്‍റെ എസ്.ടി.എഫ് വിഭാഗം അറസ്റ്റ് ചെയ്തത്. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവയാണു കഫീലിന്‍റെ മുകളിലുള്ള കുറ്റങ്ങള്‍. ദുരന്തം നടക്കുമ്പോൾ കഫീൽ ഖാനായിരുന്നു ശിശുരോഗ വിഭാഗത്തിന്‍റെ തലവൻ.

കഫീൽ ഖാനടക്കം ഏഴുപേർക്കെതിരെ വെള്ളിയാഴ്ച കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുൻ പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്രയേയും ഭാര്യ പൂർണിമ ശുക്ലയേയും റിമാൻഡ് ചെയ്തതിനുപിന്നാലെയാണു കഫീൽ ഖാന്റെ അറസ്റ്റ്. സംഭവത്തിൽ ഖാനെ ആശുപത്രിയിൽനിന്നു നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമമാണു ഗോരഖ്പുർ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണത്തിലേക്കു നയിച്ചത്. വാടക നൽകാത്തതിനെ തുടർന്നു വിതരണക്കമ്പനി ആശുപത്രിയിലേക്കാവശ്യമായ സിലിണ്ടറുകൾ നൽകിയിരുന്നില്ല. അതേസമയം, സ്വന്തം കയ്യിൽനിന്നു പണം നൽകി ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങിയ കഫീൽ ഖാനെ സസ്പെൻഡ് ചെയ്തതു വിവാദമായിരുന്നു

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയാണിത്. ഔദ്യോഗിക കണക്കനുസരിച്ചു ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓഗസ്റ്റിൽ 290 കുട്ടികളുടെ മരണം സംഭവിച്ചിട്ടുണ്ട്. ഇതിൽ 213 കുട്ടികളും നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഈ വർഷം ആകെ 1250 കുട്ടികൾ മരിച്ചെന്നാണ് ആശുപത്രിക്കണക്ക്. 

Leave a Reply

Your email address will not be published. Required fields are marked *